കീവ്: ഊര്ജമേഖലയിലേക്കു റഷ്യ നടത്തുന്ന ആക്രമണത്തെ ശക്തമായി എതിര്‍ത്ത് യുക്രെയ്ന്. റഷ്യ ഊര്‍ജ ഭീകരപ്രവര്‍ത്തനം നടത്തുന്നതായി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി ആരോപിച്ചു.
തലസ്ഥാനമായ കീവില്‍ 45 ലക്ഷം പേര് ഇരുട്ടിലായതായി സെലന്‍സ്കി പറഞ്ഞു. കീവില്‍ 4,50,000 അപ്പാര്‍ട്ട്മെന്റുകളിലെ വൈദ്യുതിവിതരണം തടസപ്പെട്ടതായി കീവ് മേയര്‍ വിതാല് കിലിസ്ചോകൊ പറഞ്ഞു. ജനങ്ങള്‍ വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പ്രതിസന്ധി നീളുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഈയാഴ്ച യുക്രെയ്നിലെ വൈദ്യുതിവിതരണ കേന്ദ്രങ്ങള്‍ക്കു നേരേയും ഊര്ജപ്ലാന്റുകള്ക്കു നേരേയും റഷ്യ വ്യാപക ആക്രമണമാണു നടത്തിയത്. ഊര്‍ജമേഖലയിലേക്ക് ആക്രമണം നടത്തുന്നത് ശത്രു ദുര്‍ബലനായി എന്നതിന്റെ തെളിവാണെന്നും സെലന്‍സ്കി പരിഹസിച്ചു.
റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖര്സനില് മേഖലാ ഭരണാധികാരികളെ നിയമിച്ചതിനു പിന്നാലെയാണ് ടെലിഗ്രാമിലൂടെ സെലന്‍സ്കിയുടെ സന്ദേശം പുറത്തുവന്നത്.
ഇതിനിടെ, ഖേര്സനില്നിന്ന് റഷ്യയുടെ പതാക നീക്കി. പ്രാദേശിക ഭരണകൂടത്തിന് അധികാരം നല്കി ഒരാഴ്ചയ്ക്കു ശേഷമാണു റഷ്യയുടെ പതാക നീക്കിയത്.