വാഷിംഗ്ടണ്‍: യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. യാതൊരു വിധ പ്രകോപനവുമില്ലാതെ യുക്രൈനെതിരെ റഷ്യ നടത്തിയ ആക്രമണം ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നും പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
‘മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ തന്നെ റഷ്യ യുദ്ധമാര്‍ഗം സ്വീകരിച്ചു. ഇത് വിനാശത്തിനും കഷ്ടതകള്‍ക്കും കാരണമാകും. ആക്രമണം മൂലമുള്ള നഷ്ടത്തിന് റഷ്യ മാത്രമായിരിക്കും ഉത്തരവാദികള്‍. അമേരിക്കയും സഖ്യകക്ഷികളും ഐക്യത്തോടെ പ്രതികരിക്കും’- ജോ ബൈഡന് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് തൊട്ട് പിന്നാലെ വ്യോമാക്രമണങ്ങളും റഷ്യ നടത്തി. പ്രതിരോധത്തിന് നില്‍ക്കരുതെന്നും യുക്രൈന് സൈന്യത്തിന് പുടിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. യുക്രൈനെതിരെ സൈനിക നടപടി അനിവാര്യമായിരിക്കുന്നുവെന്നാണ് പുടിന് പ്രഖ്യാപിച്ചിരിക്കുന്നത്. യുക്രൈനിലെ ഡോണ്‍ബാസിലാണ് സൈനിക നടപടിക്ക് ഉത്തരവിട്ടിരിക്കുന്നത്. റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ഐക്യരാഷ്ട സഭ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ്.