സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സെമിയിലെ എതിരാളിയെ ഇന്ന് അറിയാം. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡീഷ സർവീസസിനെ നേരിടും. വൈകീട്ട് നാല് മണിക്ക് ആണ് മത്സരം നടക്കുന്നത്. വൈകീട്ട് 8 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ കർണാടക ഗുജറാത്തിനെ നേരിടും.
ഇന്നത്തെ കളികളുടെ അടിസ്ഥാനത്തിൽ ഒഡീഷയോ കർണാടകയോ ആയിരിക്കും കേരളത്തോട് സെമിയിൽ ഏറ്റുമുട്ടുക. മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ ഒഡീഷ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച കർണാടകയ്ക്ക് ഒരു ജയം, ഒരു തോൽവി, ഒരു സമനിലയുമായി നാല് പോയിന്റാണ് ഉള്ളത്.
നിലവിലെ ചാമ്പ്യൻമാരായ സർവീസസും ഗുജറാത്തും ഇതിനകം സെമി കാണാതെ പുറത്തായി കഴിഞ്ഞു. ഒഡീഷക്ക് സെമി ഫൈനലിന് യോഗ്യത നേടാൻ സർവീസസിനെതിരെ തോൽക്കാതിരിക്കണം. ഒഡീഷ സർവീസസിനെ പരാജയപ്പെടുത്തിയാൽ പത്ത് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിക്ക് യോഗ്യത നേടാം. സമനിലയാണ് ഫലമെങ്കിൽ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടാം. സർവീസസ് ഒഡീഷയെ പരാജയപ്പെടുത്തുകയും ഗുജറാത്തിനെതിരെ വലിയ വിജയം നേടുകയും ചെയ്താൽ കർണാടകയ്ക്ക് സെമിക്ക് യോഗ്യത നേടാം. മണിപ്പൂർ ഗ്രൂപ്പ് ബിയിൽ നിന്ന് ഇതിനകം യോഗ്യത നേടി കഴിഞ്ഞു. ആദ്യം നടക്കുന്ന ഒഡീഷ- സർവീസസ് മത്സരഫലം കർണാടകയ്ക്ക് അനുകൂലമായാൽ പയ്യനാട് ഒരു ജീവൻമരണ പോരാട്ടത്തിനാകും സാക്ഷിയാകുക. മറിച്ചാണെങ്കിൽ മത്സരത്തിന്റെ പ്രസക്തി ഇല്ലാതാകും.
ഈ മാസം 28,29 ദിവസങ്ങളിലായാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുന്നത്.