തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കേരളം പൂർവ്വസ്ഥിയിലേക്ക് എത്തുകയാണ്. നിയന്ത്രണങ്ങളിൽ പലതും പൂർണ്ണമായും ഒഴിവാക്കിയതോടെ സംസ്ഥാനത്തെ നിരവധി ഇടങ്ങൾ തുറക്കുന്നു. കൊറോണ മൂന്നാം തരംഗ നിയന്ത്രങ്ങൾ ഇല്ലാത്ത ആദ്യത്തെ ഞായറാഴ്ചയാണ്. കഴിഞ്ഞ ആഴ്ച നടന്ന അവലോകന യോഗമാണ് വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കാൻ തീരുമാനിച്ചത്.
തിങ്കളാഴ്ച്ച അംഗൻവാടികൾ മുതൽ സ്കൂളുകൾ വരെ തുറക്കും. സംസ്ഥാനത്ത് 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നാളെ തുടങ്ങാനിരിക്കെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അദ്ധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല. 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുക. പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തിയാകും ക്ലാസ് നടക്കുക.
ക്ലാസുകൾ വൈകീട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ആണ് ഇന്ന് ഉന്നതതലയോഗം ചേരുന്നത്. തുടർന്ന് ചൊവ്വാഴ്ച്ച അദ്ധ്യാപകസംഘടനകളുമായും സർക്കാർ ചർച്ച നടത്തും. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുകയുള്ളൂ എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പൊതുപരീക്ഷയുള്ള 10,11, 12 ക്ലാസുകളുടെ പ്രവര്‍ത്തനസമയം രാവിലെ മുതല്‍ വൈകിട്ടുവരെയായി ക്രമീകരിക്കും.