യുപി കേരളമാകുന്നത് അപകടമല്ല, അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് സീതാറാം യെച്ചൂരി. കഴിഞ്ഞ ദിവസം കേരളത്തെ അധിക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ബിജെപി അപമാനിക്കുന്നത് ഇതാദ്യമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ മുന്‍പ് സൊമാലിയയോട് ഉപമിച്ചതായും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
നീതി ആയോഗ് റിപ്പോര്‍ട്ടുകളില്‍ കേരളം ഏറ്റവും മുന്നിലും ഉത്തര്‍പ്രദേശ് താഴെയുമാണ്. മതവിദ്വേഷമില്ലാത്തതിനാലാണ് കേരളം ഒരു ബിജെപി അംഗത്തെ പോലും തെരഞ്ഞെടുക്കാത്തതിരുന്നത്. യുപി കേരളത്തിനെ പോലെ ആയാല്‍ ബിജെപി പരാജയപ്പെടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നലെയായിരുന്നു കേരളത്തെ ആക്ഷേപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദ പരാമര്‍ശം നടത്തിയത്.
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കേരളമോ, കശ്മിരോ, ബംഗാളോ പോലെ യുപി ആകുമെന്നായിരുന്നു യോഗിയുടെ പരാമര്‍ശം.എന്നാല്‍ കേരളം പോലെ ആയാല്‍ യുപിക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യസേവനവും ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലും യോഗിയെ ടാഗ് ചെയ്തുള്ള ട്വീറ്റിലൂടെയായിരുന്നു മറുപടി.
പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. ബഹുസ്വരതയും മതസൗഹാര്‍ദ്ദവും തെരഞ്ഞെടുത്ത കേരള ജനതയെ മാതൃകയാക്കണമെന്ന് യുപിയിലെ ജനങ്ങളോട് വി ഡി സതീശന് ആവശ്യപ്പെട്ടു.