ആലപ്പുഴയില്‍ എസ്.ഡി.പി.ഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക്് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, 12-ാം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുളള കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ ആംബുലന്‍സില്‍ രക്ഷപെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് ഇവര്‍.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ ഷാന്‍ ആക്രമിക്കപ്പെട്ടത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.