തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവുകള്‍ ലഭ്യമല്ലെന്ന് അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച്. ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍കോള്‍ രേഖകള്‍ ലഭ്യമല്ല. പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിനും തെളിവില്ല. സാക്ഷിമൊഴികളുമില്ലെന്നും ക്രൈംബ്രാഞ്ച് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പീഡനത്തിന് ഇരയായി എന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണത്തിലേക്ക് കടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. ഇന്നലെ പരാതിക്കാരിയെ ഡല്‍ഹിയിലെ സി.ബി.ഐ ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കേസ് സി.ബി.ഐയ്ക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കേസില്‍ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് കേന്ദ്രസര്‍ക്കാര്‍ തേടിയിരുന്നു. ിതിനു മറുപടിയായാണ് ആഭ്യന്തര സെക്രട്ടറി ടി.കെ ജോസ് ഉമ്മന്‍ ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്.
നിരപരാധിയാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് കഴിഞ്ഞ അഞ്ചു വര്‍ഷമായിട്ടും ഒരു ചെറിയ നടപടി പോലും എടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. അന്നത്തെ പ്രതിപക്ഷം സെക്രട്ടേറിയറ്റ് വളയുകയും തന്നെ കല്ലെറിയുകയും ഉള്‍പ്പെടെ എന്തെല്ലാം ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.