ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം. 49 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള് ഔട്ടായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ഇന്ത്യന്‍ ബോളര്‍മാര്‍ കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ മത്സരത്തില്‍ അക്ഷരാര്‍ഥത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ടാണ് ഇന്‍ഡോറില്‍ കണ്ടത്.(india southafrica third t20)
ഇന്ത്യന്‍ നിരയില്‍ ദിനേശ് കാര്‍ത്തിക്കിനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറിനുമൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല.തോറ്റെങ്കിലും ഇന്ത്യ 2-1ന് പരമ്ബര സ്വന്തമാക്കി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 227-3, ഇന്ത്യ 18.3 ഓവറില്‍ 178 ഓള് ഔട്ട്.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ റൂസോയും അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഡീക്കോക്കും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ സ്കോറാണ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 227 റണ്‍സെടുത്തു.
റൂസോ വെറും 48 പന്തില്‍ നിന്നാണ് സെഞ്ച്വറി പൂര്‍ത്തിയാക്കത്. ഡീ കോക്ക് 43 പന്തില്‍ 68 റണ്‍സെടുത്തു.ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിറ്റോറിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെയിന്‍ പാര്‍നലും എന്‍ഗിഡിയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.