കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിന് എതിരെ സംവിധായകന് ബാലചന്ദ്രകുമാര്‍. ദിലീപിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു ശ്രീലേഖ. ദിലീപിനെതിരെ മാധ്യമ സമ്മര്‍ദ്ദമെന്ന ശ്രീലേഖയുടെ വാദം ബാലിശമാണെന്നും കേരള പൊലീസിനെ മോശക്കാരക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നടന്റെ ഇമേജ് കൂട്ടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. നടൻ ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും അവർ ആരോപിച്ചു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്ന് പോലീസുകാർ തന്നെ സമ്മതിച്ചതാണെന്ന് ശ്രീലേഖ പറയുന്നു. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപി ശ്രീലേഖ രംഗത്തെത്തിയത്.
പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെ പോലെയുള്ള സാക്ഷികളെ ഉപയോഗിച്ചും മാദ്ധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ ആരോപിക്കുന്നു.
ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ പറഞ്ഞു.