സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയുടെ തെരുവുകളില്‍ ജനരോഷം പുകയുന്നു. സെക്രട്ടേറിയറ്റിന് സമീപം പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി തടിച്ചുകൂടുകയാണ്.
പ്രതിഷേധക്കാര്‍ രാജ്യത്തെ പ്രധാന റോഡുകള്‍ തടഞ്ഞു. തലസ്ഥാന നഗരമായ കൊളംബോയില്‍ സര്‍ക്കാരിനെതിരായ പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പേരാണ് തടിച്ചുകൂടിയിരിക്കുന്നത്. (protest in srilanka amid economic crisis)
ഇന്ന് രാവിലെ ശ്രീലങ്കന്‍ കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രാജി പ്രഖ്യാപിച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിയുകയാണ്. ഓഹരി വിപണിയിലും ശ്രീലങ്ക കനത്ത തിരിച്ചടിയാണ് നേരിടുന്നത്.
കര്‍ഫ്യൂവിനിടയിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്നലെ ശ്രീലങ്കന്‍ മന്ത്രിസഭ കൂട്ടത്തോടെ രാജിവച്ചു. പ്രസിഡന്റ് ഗോതബയ രാജപക്സെയെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെയെയും ഒഴികെയുള്ള 26 മന്ത്രിമാരും രാജിവക്കുകയായിരുന്നു.
പ്രതിസന്ധിയെ നേരിടാന്‍ ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നാല് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പൂര്‍ണ മന്ത്രി സഭ രുപീകരിക്കുന്നതുവരെ ഇവര്‍ ചുമതല വഹിക്കും. സര്‍ക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ കാബിനറ്റ് മന്ത്രിമാരും രാജിവച്ചിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്ബോഴാണ് മന്ത്രിമാരുടെ കൂട്ടരാജിയാണ് രാജ്യത്ത് കണ്ടത്. ആദ്യം രാജിവച്ചത് കായിക മന്ത്രിയും പ്രധാനമന്ത്രി രാജപക്സെയുടെ മകനുമായ നമല്‍ രാജപക്സെ യാണ്.രാജ്യത്തെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് നടപടി. പിന്നാലെ എല്ലാ മന്ത്രിമാരും രാജിവയ്ക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ദിനേഷ് ഗുണവര്‍ദ്ധനയുടെ പ്രഖ്യാപനം.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്ബാടും രാജപക്സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കര്‍ഫ്യൂ ലംഘിച്ച പ്രതിഷേധക്കാര്‍ക്കെതിരേ പൊലീസ് നടപടികളും അരങ്ങേറി.