കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജി. ജനരോഷം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്സെ അടക്കം ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്സെ മാത്രമാണ് ഇനി രാജി വെക്കാനുള്ളത്. മഹീന്ദ രാജപക്സെ രാജിവച്ചുവെന്ന തരത്തിലുള്ള അഭ്യൂഹം ഇന്നലെ രാത്രിയിൽ പുറത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയായിരുന്നു.
മഹീന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരുമെന്ന് അറിയിച്ചതിനാൽ അർദ്ധരാത്രിയോടെ പ്രത്യേക ക്യാബിനറ്റ് യോഗം ചേരുകയും മന്ത്രിമാരെല്ലാം രാജിവയ്ക്കുകയും ചെയ്തുവെന്നാണ് ശ്രീലങ്കയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭയിലെ 26 പേരാണ് രാജിവച്ചത്. പ്രസിഡന്റുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയില് ഉഴലുന്നതിനിടെയിലാണ് ശ്രീലങ്ക രാഷ്ട്രീയ പ്രതിസന്ധിയിലേക്കും കൂപ്പുകുത്തുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. അതേസമയം രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്. കർഫ്യു അടക്കം പ്രഖ്യാപിച്ചിട്ടും ജനങ്ങളെ തടഞ്ഞു നിർത്താൻ സാധിച്ചിട്ടില്ല. പലയിടത്തും സൈന്യവുമായും ജനങ്ങൾ ഏറ്റുമുട്ടുന്ന സാഹചര്യമാണുളളത്. ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ സമൂഹമാദ്ധ്യമങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 15 മണിക്കൂറിന് ശേഷം പിൻവലിച്ചു. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങൾ തടയാനെന്ന പേരിൽ വിലക്കിയത്. എന്നാൽ സിനിമാതാരങ്ങളും നമൽ രാജപക്സെയും ഉൾപ്പെടെ ഉള്ളവർ ഇതിനെതിരെ രംഗത്ത് വന്നതോടെ വിലക്ക് പിൻവലിക്കുകയായിരുന്നു.