ശ്രീലങ്കയുടെ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജി സന്നദ്ധത അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയുടെ ദുരിതാവസ്ഥയ്ക്ക് പരിഹാരമാകുമോ മഹീന്ദയുടെ രാജിഎന്ന് വരും നാളുകളിലറിയാം. അതേസമയം സർവ്വകക്ഷി സർക്കാറെന്ന ഭരണകക്ഷിയുടെ പ്രശ്നപരിഹാര നിർദ്ദേശത്തിന് പ്രതിപക്ഷത്തെ അനുനയിപ്പിക്കാനാണ് മഹിന്ദയുടെ നീക്കം. പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചതിനു പിന്നാലെ, രാജി സമർപ്പിച്ചാൽ സ്വീകരിക്കുമെന്ന് സഹോദരനും പ്രസിഡന്റുമായ ഗോതാബയ രജപക്സെ അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്റ് ഗോതാബയ നാളെ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്ക ലോകരാഷ്ട്രങ്ങളുടെ സഹായത്തിനായി കേഴുകയാണ്. രാജ്യത്തെ നാശത്തിലേക്ക് നയിച്ചത് രജപക്സെ കുടുംബ ഭരണമാണെന്ന ആരോപണവുമായിട്ടാണ് രാജ്യത്ത് വൻപ്രക്ഷോഭമാണ് പ്രതിപക്ഷം നടത്തുന്നത്. സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് മഹിന്ദയുടേയും ഗോതാബയയുടേയും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. ഇതിനിടെ ഭരണകക്ഷിയിലെ പല നേതാക്കളും രാജിവയ്ക്കുകയും നാടുവിടുകയും ചെയ്തത് രജപക്സെ കുടുംബത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.
ഇതിനിടെ വിദ്യാർത്ഥികളും യുവാക്കളും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ തെരുവിലിറ ങ്ങിയതോടെ പ്രക്ഷോഭം പലയിടത്തും അക്രമാസ്ക്തമായിരിക്കുകയാണ്. മൂന്നിലേറെ തവണ പ്രസിഡന്റിനേയും പ്രധാനമന്ത്രിയുടേയും വസതികൾക്ക് നേരെ ആക്രമണം നടന്നതും ഭരണകൂടത്തിന് നാണക്കേടായിരിക്കുകയാണ്.