ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വീടുകള്‍ പൊളിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. വീടുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ലക്ഷദ്വീപില്‍ കടല്‍ തീരത്തുള്ള 160ഓളം വിടുകള്‍ പൊളിച്ചുനീക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. കടല്‍ത്തീരത്തുനിന്ന് 20മീറ്റര്‍ പരിധിയിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും ഉടമകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. 2016ല്‍ വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് ഐലന്‍ഡ് മാനേജ്മന്റ് പ്ലാന്‍ പ്രകാരമുള്ള നിര്‍മിതികള്‍ മാത്രമേ അനുവദിക്കൂവെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി.
നോട്ടീസ് ലഭിച്ചവര്‍ ബുധനാഴ്ചക്കകം രേഖകള്‍ സഹിതം വിശദീകരണം നല്‍കാനും അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശം നല്‍കിയിരുന്നു. കവരത്തിയിലെ വീടുകളുള്‍പ്പെടെ 102 കെട്ടിടങ്ങള്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കിയത്. പിന്നീട് 52 വീടുകള്‍ക്കുകൂടി നല്കി. മറുപടി തൃപ്തികരമല്ലെങ്കില്‍ വീടുകള്‍ പൊളിക്കണമെന്നും അല്ലെങ്കില്‍ റവന്യൂ അധികൃതര്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നുമാണ് പറഞ്ഞത്.