പുത്തന്‍ നേട്ടങ്ങള്‍ സ്വന്തമാക്കി ഇന്ത്യന്‍ ഫുട്ബോള്‍ നായകന് സുനില്‍ ഛേത്രി. അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഫുട്ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെയാണ് ഛേത്രി മറികടന്നത്. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ ഗോള്‍ നേട്ടത്തോടെയാണ് ഛേത്രി മെസ്സിയെ മറികടന്നത്.
ഇന്നലെ ഇരട്ട ഗോളുകള്‍ കൂടെ നേടിയ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 74 ആയി. സൂപ്പര്‍ താരം ലയണല്‍ മെസിയ്ക്ക് 72 അന്താരാഷ്ട്ര ഗോളുകളാണ് നേടാനായിട്ടുള്ളത്. ഇതോടെ ലോക ഫുട്ബോളില്‍ അന്താരാഷ്ട്ര ഗോളില്‍ എക്കാലത്തെയും ആദ്യ പത്തു പേരുടെ പട്ടികയില്‍ ഇടം നേടാനും ഛേത്രിയ്ക്കായി. 10 ആം സ്ഥാനത്താണ് ഛേത്രിയുള്ളത്. നിലവില്‍ ഫുട്ബോള്‍ കളിക്കുന്ന താരങ്ങളില്‍ രണ്ടാമതാണ് ഇന്ത്യന്‍ നായകന്. ഛേത്രിയ്ക്ക് മുന്നില്‍ ഉള്ളതാകട്ടെ ഫുട്ബോള്‍ ഇതിഹാസം പോര്‍ട്ടുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. 103 അന്താരാഷ്ട്ര ഗോളുകളോടെയാണ് റൊണാള്‍ഡോ ഒന്നാമതുള്ളത്.