ഡല്‍ഹി ∙ അങ്കണവാടികള്‍ക്കു ഗ്രാറ്റുവിറ്റി ബാധകമാണെന്നും ഇവിടത്തെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഇതിന് അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി വിധിച്ചു.
1972 ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റിയിലെ വ്യവസ്ഥകള്‍ വ്യാഖ്യാനിച്ചു കൊണ്ടാണ് ജഡ്ജിമാരായ അജയ് കുമാര്‍ രസ്തോഗി, അഭയ് എസ്.ഓക്ക എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധി.
3 – 6 വയസ്സുവരെയുള്ള കുട്ടികളുടെ പ്രീ സ്കൂള്‍ പ്രവര്‍ത്തനങ്ങളാണ് അങ്കണവാടികളില്‍ നടക്കുന്നത്. ഇതു വിദ്യാഭ്യാസ പ്രവര്‍ത്തനമാണ്. അധ്യയനമാണ് ഇവിടെ നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ 11-ാം വകുപ്പുപ്രകാരം അങ്കണവാടികളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രീ സ്കൂള്‍ നടത്തുകയാണ്. അതുകൊണ്ടു തന്നെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റിയിലെ വ്യവസ്ഥകള്‍ അങ്കണവാടികള്‍ക്കു ബാധകമാകും- ജസ്റ്റിസ് അഭയ് എഴുതിയ വിധിന്യായത്തില്‍ പറയുന്നു.
ഭക്ഷ്യസുരക്ഷാ നിയമത്തിലെയും വിദ്യാഭ്യാസ അവകാശ നിയമത്തിലെയും വ്യവസ്ഥകള്‍ ഉറപ്പുവരുത്താന്‍ അങ്കണവാടികള്‍ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട്. സര്‍ക്കാരിന്റെ തന്നെ ഒരു കൈ എന്ന നിലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും തസ്തിക നിയമപരമാണെന്നും വിധിയിലുണ്ട്. ചെയ്യുന്ന ജോലി വച്ച് തുച്ഛമായ വരുമാനമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇവരുടെ ദുരിതങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നു കോടതി വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത സംയോജിത ശിശുവികസന പദ്ധതി (ഐസിഡിഎസ്)ക്കു കീഴിലുള്ള അങ്കണവാടികളില്‍ ജോലി ചെയ്യുന്നവര്‍ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു കോടതി പരിഗണിച്ച വിഷയം. വരുമെന്ന് കണ്‍ട്രോളിങ് അതോറിറ്റി വ്യക്തമാക്കി. ഇതു ഗുജറാത്ത് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും അംഗീകരിച്ചു. എന്നാല്‍, ജില്ലാ വികസന ഓഫിസര്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തീരുമാനം റദ്ദാക്കി. തുടര്‍ന്നാണ് അങ്കണവാടികളും ഏതാനും സംഘടനകളും അഭിഭാഷകരായ സഞ്ജയ് പരീഖ്, പി.വി.സുരേന്ദ്ര നാഥ്, സുഭാഷ് ചന്ദ്രന് എന്നിവര്‍ വഴി സുപ്രീം കോടതിയെ സമീപിച്ചത്. 3 മാസത്തിനകം ഗ്രാറ്റുവിറ്റി ആനുകൂല്യം 10% സാധാരണ പലിശയോടെ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.