ന്യൂഡല്‍ഹി: നീറ്റ് മെഡിക്കല്‍ പി.ജി സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതില്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിക്ക് (എം.സി.സി) സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.
എം.സി.സി വിദ്യാര്‍ഥികളുടെ ഭാവിയും ജീവിതവുംവെച്ച് കളിക്കുകയാണെന്ന് ജസ്റ്റിസ് എം.ആര്. ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ച് കുറ്റപ്പെടുത്തി. അഖിലേന്ത്യാ ക്വോട്ടയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി പ്രത്യേക കൗണ്‍സലിങ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
1456 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. രാജ്യത്ത് അത്രയും ഡോക്ടര്‍മാരുടെ കുറവുള്ളതായി ഇതില്‍നിന്ന് വ്യക്തമാകുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി. സീറ്റുകളിലെ അനിശ്ചിതത്വം നീണ്ടുപോകുന്നത് മാതാപിതാക്കളെയും വിദ്യാര്‍ഥികളെയും ഒരുപോലെ സമ്മര്‍ദത്തിലാക്കും. രാജ്യത്ത് ഇത്രയധികം ഡോക്ടര്‍മാരെയും സൂപ്പര്‍ സ്പെഷലിസ്റ്റുകളെയും ആവശ്യമുള്ള സമയത്ത് സീറ്റ് ഒഴിച്ചിട്ട് എന്ത് നേടാനാണ് ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. എം.സി.സിയില്‍നിന്ന് വിശദ സത്യവാങ്മൂലം ആവശ്യപ്പെട്ട കോടതി കേസില്‍ വാദം കേള്‍ക്കുന്നത് വ്യാഴാഴ്ചയും തുടരും. 2022 നീറ്റ് പി.ജി കൗണ്‍സലിങ് വൈകിയതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് എം.സി.സിയുടെ വിശദീകരണം. നീറ്റ് പി.ജി അഖിലേന്ത്യാ ക്വോട്ടയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യക കൗണ്‍സലിങ് നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് 23 ഡോക്ടര്‍മാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.