മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ടയില്ലെന്ന് വ്യക്തമാക്കി നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നിൽക്കുന്നെന്നും സ്വപ്ന വ്യക്തമാക്കി. ഇതുവരെയില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ഉന്നയിക്കുന്നതെന്ന ചോദ്യത്തില്‍ അടിസ്ഥാനമില്ലെന്ന് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ പറയേണ്ട അവസരം വന്നു, അതുകൊണ്ട് പറയുന്നു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ടെന്നും സ്വപ്ന പ്രതികരിച്ചു.
രഹസ്യ മൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജണ്ടയില്ല. തന്റെ വെളിപ്പെടുത്തലുകള്‍ പ്രതിഛായ സൃഷ്ടിക്കാനല്ല. താന്‍ ഇപ്പോഴും ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്ക് ജീവിക്കണമെന്നും സ്വപ്ന പറഞ്ഞു. സരിത എസ് നായര്‍ തന്നെ സഹായിക്കാനാണെന്ന് പറഞ്ഞ പലതവണ വിളിച്ചിരുന്നു. പി സി ജോര്‍ജിനോട് സംസാരിച്ചത് എന്തിനാണെന്നുള്ള തരം ചോദ്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. പി സി ജോര്‍ജിനെ മാത്രമല്ല, പലരുമായും സംസാരിച്ചുണ്ട്. സ്വപ്ന കൂട്ടിച്ചേര്‍ത്തു.