ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ലക്നൗവിലെ അടല്‍ ബിഹാരി വാജ്പേയി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. വിജയത്തോടെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 26, 27 തീയതികളിലായി ധരംശാലയില്‍ നടക്കും.
അര്‍ധസെഞ്ച്വറി പ്രകടനവുമായി ഇഷാന് കിഷന് ഇന്ത്യയുടെ വിജയശില്പിയായി. 56 പന്തില്‍ 10 ഫോറും മൂന്നു സിക്സും സഹിതം കിഷന് നേടിയത് 89 റണ്‍സ്. ശ്രേയസ് അയ്യര്‍ (28 പന്തില്‍ പുറത്താകാതെ 57), രോഹിത് ശര്‍മ (32 പന്തില്‍ 44) എന്നിവരും അവസരോചിതമായി ബാറ്റ് ചെയ്തു.
മത്സരത്തിനിടെ രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തെത്തി. വിരാട് കൊഹ്ലി (3296), മാര്ട്ടിന് ഗപ്ടില്‍ (3299) എന്നിവരെ മറികടന്ന് 3307 റണ്‍സുമായാണ് രോഹിത് ഒന്നാമതെത്തിയത്. ശ്രീലങ്കന്‍ നായകന് ദസൂണ്‍ ഷാനകയെ പുറത്താക്കിയ യുസ്വേന്ദ്ര ചെഹല്‍, രാജ്യാന്തര ട്വന്റി20യില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളില്‍ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ഒന്നാമതെത്തി.
ഭുവനേശ്വര്‍ കുമാര്‍ ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് ആദ്യ പന്തില്‍ത്തന്നെ പിഴുത് ഇന്ത്യയ്ക്ക് സ്വപ്നതല്യമായ തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണര്‍ പാത്തും നിസ്സങ്കയാണ് പൂജ്യത്തിന് പുറത്തായത്. 47 പന്തില്‍ അഞ്ചു ഫോറുകളോടെ പുറത്താകാതെ 53 റണ്‍സ് നേടിയ ചരിത് അസാലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. ദുഷ്മന്ത ചമീര 14 പന്തില്‍ 24 റണ്‍സോടെ പുറത്താകാതെ നിന്നു.
ഓപ്പണര്‍ കാമില്‍ മിഷാര (12 പന്തില്‍ 13), ജാനിത് ലിയാനഗെ (17 പന്തില്‍ 11), ദിനേഷ് ചണ്ഡിമല്‍ (9 പന്തില്‍ 10), ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക (ആറു പന്തില്‍ മൂന്ന്), ചമിത് കരുണരത്നെ (14 പന്തില്‍ 21) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ട് ഓവറില്‍ 9 റണ്‍സ് വഴങ്ങിയും വെങ്കടേഷ് അയ്യര്‍ മൂന്ന് ഓവറില്‍ 36 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രനീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.