തെലങ്കാനയിലുടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കിന്റർഗാർഡൻ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു.
സിഎംഒയുടെ പ്രസ്താവന പ്രകാരം, പഞ്ചായത്തീരാജ്, മുനിസിപ്പൽ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഗ്രാമങ്ങളിലും പട്ടണങ്ങളിലുമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ആഗസ്റ്റ് 30നകം വൃത്തിയാക്കാനും ശുചീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് മെഡിക്കൽ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തീരുമാനം. കൊവിഡ് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ സ്വീകരിച്ച നടപടികളും നിയന്ത്രണങ്ങളും ഇതിനെ തുടർന്ന് നടത്തിയ യോഗത്തിൽ ചർച്ച ചെയ്തു.
കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാ മുൻകരുതലുകളും കൃത്യമായി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് -19ന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. 2021 ഫെബ്രുവരിയിൽ ഹ്രസ്വകാലത്തേക്ക് സ്കൂളുകൾ വീണ്ടും തുറന്നെങ്കിലും, രണ്ടാം തരംഗത്തിൽ വൈറസ് അണുബാധ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ അവ വീണ്ടും അടച്ചു.