അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിച്ച് ഓണ്‍ലൈന്‍ അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജി ഇവര്‍ ഹൈക്കോടതിയില്‍ ഒപ്പിട്ടുനല്കി.
താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിക്കുന്നതെന്ന് അവതാരക പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ അഭിനയജീവിതത്തെ തകര്‍ക്കണമെന്നില്ല. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.
കേസില്‍ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്ക് അനിശ്ചിത കാലത്തേക്ക് സിനിമയില്‍ നിന്ന് വിലക്കെര്‍പ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കളുടെ സംഘടന. സിനിമ മേഖലയിലെ മറ്റ് സംഘടനകളും വിലക്കിന് പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന് പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ചട്ടമ്ബി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
സംഭവത്തില്‍ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍), 294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നടനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നടന്‍്റെ വിലക്ക് എത്ര നാള് എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിക്കും. 4 സിനിമകളുടെ ഡബ്ബിങ് ജോലികളും ഒരു സിനിമാ ഷൂട്ടിംഗും പൂര്‍ത്തിയാക്കാന്‍ അനുവദിക്കും. നടീനടന്മാരുടെ നിസ്സഹകരണം ഒരുപാട് നാളായി സിനിമ മേഖല നേരിടുന്ന പ്രശ്നമാണ്.
ഒരു സിനിമയ്ക്ക് കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ തുക അദ്ദേഹം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നല്‍കാം എന്ന് സമ്മതിച്ചിട്ടുണ്ട്. മലയാളസിനിമയില്‍ ഒരു പെരുമാറ്റചട്ടം ആവശ്യമാണെന്നും സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നു.
പൊലീസിന് ലൊക്കേഷനില്‍ അടക്കം പരിശോധന നടത്താം. അടുത്ത ദിവസം ഫെഫ്ക ഉള്‍പ്പെടെ ഉള്ള സംഘടനകളുമായി ചര്‍ച്ച നടത്തും. പ്രൊമോഷന് പരിപാടികളില്‍ സഹകരിക്കാതിരിക്കുന്നവരില് നിന്ന് പ്രതിഫലത്തിന്റെ 10% പിടിക്കും.