കെ എം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ.
നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ശ്രീറാം വെങ്കിട്ടരാമന് നല്കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി രണ്ട് മാസത്തേക്ക് ഉത്തരവ് സ്റ്റേ ചെയ്തു. നരഹത്യാകുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ശ്രീറാം വെങ്കിട്ടരാമന്, വഫ ഫിറോസ് എന്നിവര്‍ക്ക് നോട്ടീസയച്ച കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
നരഹത്യാകുറ്റത്തിന്റെ കാര്യത്തില്‍ കാര്യമായ വസ്തുതകള്‍ കീഴ്ക്കോടതി പരിഗണിച്ചില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വാദിച്ചത്. നരഹത്യയെന്നതിന് തെളിവുകളുണ്ട്. ശ്രീറാം ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അതേസമയം നരഹത്യ കുറ്റം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കില്‍ നരഹത്യക്കുറ്റവും കൂടി ചേര്‍ത്താകും വിചാരണ നടക്കുക.