2002ലെ ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് തീരുമാനിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച വിധിക്കെതിരെ ബില്‍ക്കിസ് ബാനോ സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി.ബില്‍ക്കിസ് ബാനുവിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി.ഹര്‍ജി പരിഗണിക്കുന്ന ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ബേല ത്രിവേദി കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ 11 പേരെ വിട്ടയച്ചതിനെ ചോദ്യംചെയ്താണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയെ സമീപിച്ചത്.ഗുജറാത്ത് സര്‍ക്കാര്‍ 2022 ആഗസ്റ്റ് 15നാണ് പ്രതികളെ മോചിപ്പിച്ചത്. കേന്ദ്രത്തിന്റെ അംഗീകാരമുണ്ടെന്നും പ്രതികളുടെ നല്ലനടപ്പ് പരിഗണിച്ചാണ് മോചിപ്പിച്ചതെന്നുമായിരുന്നു വാദം.
കേസിന്റെ വിചാരണ നടന്ന മഹാരാഷ്ട്രയാണ് പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ബില്‍ക്കിസ് ബാനു സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.2022 മേയില്‍ ജസ്റ്റിസ് അജയ് റസ്തോഗിയും വിക്രം നാഥും അടങ്ങുന്ന ബെഞ്ച് ഗുജറാത്തില്‍ കുറ്റം നടന്നതിനാല്‍ ഇളവ് അഭ്യര്‍ത്ഥന പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിച്ചിരുന്നു.
ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തിന് ശേഷം ഗുജറാത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്ബോള്‍ ബില്‍ക്കിസ് ബാനോ 21 വയസ്സും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു. മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ അവളുടെ ഏഴ് കുടുംബാംഗങ്ങളെയും ബലാത്സംഗം ചെയ്തവര്‍ കൊലപ്പെടുത്തി.
2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരി വെച്ചിരുന്നു.