കെയ്റോ: ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള വഴിയിലാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഈജിപ്തിലെ ഷ്രം അല്‍ഷെയ്ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 27–ാമത് വാര്‍ഷിക കാലാവസ്ഥ ഉച്ചകോടിയില്‍ (സിഒപി) സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചുപിടിക്കാനാകാത്ത വിധം ആഗോളതാപനവും കാര്‍ബണ്‍ ബഹിര്‍ഗമനവും കൂടുകയാണ്. നാശത്തിലേക്കാണ് ലോകം സഞ്ചരിക്കുന്നതെന്നും ഇപ്പോഴും കാല് ആക്സിലേറ്ററിലാണെന്നും അദ്ദേഹം പറഞ്ഞു.
ജൈവ ഇന്ധന കമ്ബനികള്‍ക്ക് രാജ്യങ്ങള്‍ വന്‍ നികുതി ചുമത്തണമെന്നും പ്രകൃതിദുരന്തങ്ങളും ദാരിദ്ര്യവും നേരിടുന്ന രാജ്യങ്ങള്‍ക്ക് ഈ തുക വീതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരിക്കുക അല്ലെങ്കില്‍ നശിക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിജ്ഞകള്‍ മതിയാക്കി പ്രവൃത്തിക്കേണ്ട സമയമാണിതെന്ന് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി പറഞ്ഞു. ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളുന്നവരാണ് കാലാവസ്ഥാ പരിപാലനത്തിന് കൂടുതല്‍ പണം ചെലവാക്കേണ്ടതെന്ന് സെനഗല്‍ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന് പ്രസിഡന്റുമായ മക്കി സാല് പറഞ്ഞു.
ബ്രിട്ടന്, അമേരിക്ക, ഫ്രാന്‍സ്, ജോര്‍ദാന്‍, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭരണത്തവന്മാരും മുന്‍ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, ഉച്ചകോടികൊണ്ട് കാര്യമായ ഗുണമില്ലെന്ന വിമര്‍ശം രൂക്ഷമാണ്. ഉക്രയ്നിലെ റഷ്യയുടെ സൈനിക നടപടി മറയാക്കി പല രാജ്യങ്ങളും കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള തുക വെട്ടിക്കുറച്ചെന്നും വിമര്‍ശമുണ്ട്. ഉച്ചകോടി ‘ഗ്രീന്വാഷാ’ണെന്ന് പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു.