രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റു നോക്കുന്ന തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിൽ എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണനാണു മുന്‍തൂക്കം. ഇന്ന് വൈകിട്ട് കോഴിക്കോട് പാര്‍ട്ടി കോര്‍ കമ്മിറ്റി ചേർന്നതിന് ശേഷം പ്രഖ്യാപനം വരാന്‍ ആണ് സാധ്യത. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണന്, ടി.പി.സിന്ധുമോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ടി.പി.സിന്ധുമോള്‍ക്ക് നറുക്ക് വീഴും.
തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ അതിവേഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപിയുടെ ശ്രമം. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എന്നിവരടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് നാല് പേരുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ കോഴിക്കോട് എത്തുന്നതിന് മുന്‍പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ശ്രമം.