എറണാകുളം: തൃക്കാക്കരയില്‍ കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് എറണാകുളം കളക്ടര്‍ ജാഫര്‍ മാലിക്ക്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അഞ്ചില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകളുള്ള ഇടങ്ങളില്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
39 പോളിംഗ് ബൂത്തുകളിലായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജില്‍ രാവിലെ 7.30 മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടര്‍മാരാണ് മണ്ഡത്തിലുളളത്. ഇതില്‍ 3633 കന്നിവോട്ടര്‍മാരാണ്. മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ബൂത്തുകള്‍ ഒരുക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊളളുന്നതാണ് മണ്ഡലം.
ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും. ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി സജീവിമായി രംഗത്തുണ്ട്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലേയും ജില്ലയിലേയും നേതാക്കളോടൊപ്പമാകും സ്ഥാനാര്‍ത്ഥികളുണ്ടാകുക.