കെ വി തോമസിന്റെ വരവ് എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കര മണ്ഡലത്തിലെ വികസനത്തിന് വേണ്ടിയാണ് എല്ലാവരും എൽഡിഎഫിലേക്ക് വരുന്നതെന്നും വികസന൦ ആഗ്രഹിക്കുന്നവർ തങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുമെന്നും ജോ ജോസഫ് പറഞ്ഞു. കെ വി തോമസിന്റെ വരവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾ പാർട്ടി നേതാക്കൾ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിൽ ഇത്തവണ തീർച്ചയായും ഒരു മാറ്റം ഉണ്ടാക്കണമെന്ന് ജോ ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തനിന് ശേഷം സംസാരിച്ചിട്ടില്ല. തന്റെ നിലപാട് ഇന്ന് പറയുമെന്നും കെ വി തോമസ് പറഞ്ഞു. രാവിലെ പതിനൊന്ന് മണിക്ക് വിളിച്ചിരിക്കുന്ന വാർത്താ സമ്മേളനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്നാണ് തോമസ് അറിയിച്ചിരിക്കുന്നത്. എന്നാൽ തൃക്കാക്കരയിൽ പ്രചാരണത്തിനായി കെ വി തോമസ് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് വ്യക്തമാക്കി.
ഇടതുപക്ഷത്തിനു വേണ്ടി തോമസ് പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന . നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന ഇടത് കൺവെൻഷനിലും തോമസ് പങ്കെടുത്തേക്കും. എന്നാൽ തോമസുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. തോമസിന്റെ നീക്കങ്ങളെ അവഗണിക്കാനുള്ള തീരുമാനത്തിലാണ് നേതാക്കൾ.