ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ സുപ്രിംകോടതിയെ സമീപിച്ച് നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി. തുടരന്വേഷണം നടക്കുന്നതിനാല്‍ കേസിലെ വിചാരണ നടപടികള്‍ വൈകുമെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്നും ജാമ്യാപേക്ഷയില്‍ പള്‍സര്‍ സുനി ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിക്കൊപ്പം വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനി, വിജീഷ് എന്നിവര്‍ ഒഴികെ മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.
പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍നിന്നാണ് കത്ത് കണ്ടെത്തിയത്. കത്തിന്റെ പകര്‍പ്പ് പള്‍സര്‍ സുനിയുടെ അമ്മയുടെ കൈവശം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയിരുന്നു. ഈ പകര്‍പ്പ് നേരത്തെ അന്വേഷണ സംഘം പരിശോധിക്കുകയും ചെയ്തിരിന്നു. ഇതിനുശേഷമാണിപ്പോള്‍ യഥാര്‍ഥ കത്ത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്.