സിഡ്നി: അഡ്ലെയ്ഡില് ഇംഗ്ലണ്ടിനെതിരെ നാണംകെട്ട തോല്‍വിയുമായി മടങ്ങിയ ഇന്ത്യന്‍ നിരയിലെ വയസ്സന് പടയില്‍ പലര്‍ക്കും അടുത്ത വര്‍ഷത്തോടെ ടീമില്‍ ഇടമുണ്ടായേക്കില്ലെന്ന് സൂചന.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന് തുടങ്ങിയവരെ ഘട്ടംഘട്ടമായി പിന്‍വലിക്കുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ട്വന്റി20യില്‍ അശ്വിനും കാര്‍ത്തികിനും ഇനി ദേശീയ ജഴ്സിയില്‍ ഇടം ലഭിച്ചേക്കില്ല. എന്നാല്‍, ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന വിരാട് കോഹ്ലിയെയും ക്യാപ്റ്റന്‍ രോഹിതിനെയും അത്രയെളുപ്പം മാറ്റിനിര്‍ത്താനാകില്ല. സ്വന്തം ഭാവി തീരുമാനിക്കാന്‍ ഇരുവര്‍ക്കും അവസരം നല്‍കും. രണ്ടു വര്‍ഷം കഴിഞ്ഞ് അടുത്ത ലോകകപ്പിന് വേദിയുണരുമ്ബോള് ഒരു ബ്രാന്‍ഡ് ന്യൂ ഇന്ത്യയാകും അങ്കം കുറിക്കാനെത്തുകയെന്നാണ് നിലവിലെ സൂചനകള്‍.
”ബി.സി.സി.ഐ ഒരാളോടും വിരമിക്കാന്‍ ആവശ്യപ്പെടാറില്ല. അത് വ്യക്തിയുടെ തീരുമാനമാണ്. എന്നാല്‍, 2023ല്‍ ട്വന്റി20 മത്സരങ്ങള്‍ കുറവായതിനാല്‍ മുന്‍നിര താരങ്ങളെ ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്ക് മാത്രമാകും പരിഗണിക്കുക”- ഒരു ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.
അശ്വിന് ഈ ലോകകപ്പില്‍ ഒരു ടീമിനും കാര്യമായ എതിരാളിയായിരുന്നില്ല. ആറു വിക്കറ്റ് പിറന്നതില്‍ മൂന്നും സിംബാബ്വെക്കെതിരെയായിരുന്നു. മറുവശത്ത്, ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ കൂടുതല്‍ കരുത്തോടെ പന്തെറിയുന്നുമുണ്ട്. വിക്കറ്റ് കീപറായി കാര്‍ത്തികിനു പകരം ഋഷഭ് പന്ത് ലോകകപ്പിലെ അവസാന മത്സരങ്ങളില്‍ കളിച്ചതാണ്. ഓരോ ഫോര്‍മാറ്റിലും ഇന്ത്യക്ക് കരുത്തുള്ള പകരക്കാരുണ്ടായിട്ടും ആരെയും മാറ്റിനിര്‍ത്താനാകാത്ത സാഹചര്യമാണ് തോല്‍വി ചോദിച്ചു വാങ്ങിയതെന്നാണ് ആക്ഷേപം.