ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച് ട്വിറ്റര്‍. അക്കൗണ്ടിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് സ്ഥിരമായി നിരോധിക്കാനുള്ള ട്വിറ്റർ തീരുമാനം. നേരത്തേ 12 മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചത്. ട്വിറ്ററിന്റെ നയങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ എന്നന്നേക്കുമായി അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുമെന്ന് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നുവെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു. കൂടാതെ അമേരിക്കന്‍ പ്രസിഡന്റായി ജനുവരി 20-ന് ജോ ബെയ്ഡണ്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് വിട്ടുനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഭരണകൈമാറ്റം സമാധാനപരമായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് തന്റെ വിട്ടുനില്‍ക്കല്‍ പ്രഖ്യാപിച്ചത്.