കോവിഡ് 19 വാക്സിന്റെ വിതരണം രാജ്യത്തൊട്ടാകെ തുടങ്ങാനൊരുങ്ങുന്നതിന്റെ ഭാഗമായി നാലു സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ആന്ധ്രാപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുന്നത്. കോവിഡ് വാക്സിന് പൊതുജനങ്ങള്‍ക്ക് നല്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളെല്ലാം വാക്സിനില്ലാതെ നടത്തുന്ന മോക്ക് ഡ്രില്ലാണ് ഡ്രൈ റണ്‍. വിവിധ പ്രദേശങ്ങളില്‍ വാക്സിന് എത്തിക്കുന്നതു മുതല്‍ ശീതികരണവും വിതരണവും വിവരങ്ങളുടെ കൈമാറ്റവും ഉള്‍പ്പെടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായിയാണ് നടക്കുക.
ഓരോ സംസ്ഥാനത്തെയും രണ്ടുവീതം ജില്ലകളിലായി ജില്ലാ ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രം / പ്രാഥമികാരോഗ്യ കേന്ദ്രം, നഗരമേഖല, ഗ്രാമീണമേഖല, സ്വകാര്യ ആരോഗ്യ സംവിധാനം എന്നിങ്ങനെ അഞ്ചുമേഖലതിരിച്ചാണ് ഇതിനായി ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈ റണ്‍ നടക്കുന്നത് ഇന്നും നാളെയുമായിട്ടാണ്.