അന്തരിച്ച യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഃഖാചരണം. സ്ഥിരമായി ദേശീയ പതാക ഉയർത്തുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ലെന്നും സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ അറിയിച്ചു.
അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അതോടോപ്പം സംസ്ഥാനവും പ്രത്യേകമായി ദുഃഖാചരണം നടത്തുകയാണ്. യു എ ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ അനുശോചനം അറിയിച്ചിരുന്നു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ത്യ – യു എ ഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി ഓർമ്മിപ്പിച്ചു. യുഎഇയിലെ ജനങ്ങൾക്കൊപ്പം വേദനയിൽ പങ്കുചേരുന്നുവെന്നും ട്വിറ്ററിലൂടെ മോദി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചത്. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻറെ മകനും യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻറുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻറെ മരണവാർത്ത പ്രസിഡൻഷ്യൽ കാര്യമന്ത്രാലയമാണ് അറിയിച്ചത്. 2004 മുതൽ 18 വർഷമായി യുഎഇയുടെ വികസനനയം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ഭരണാധികാരിയാണ് കടന്നുപോയത്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളോടും സ്വദേശികളോടും സഹിഷ്ണുതയിലൂന്നിയ സമീപനമാണ് ഷെയ്ഖ് ഖലീഫ കാത്തുസൂക്ഷിച്ചത്. അബുദാബിയിലെ ഫെഡറൽ ഗവൺമെൻറിൻറെ ബൃഹത്തായ പുനഃക്രമീകരണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നൽകി.
ഏഴുവർഷത്തിലധികമായി അനാരോഗ്യം കാരണം പൊതുപരിപാടികളിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. അബുദാബി കിരീടാവകാശിയായിരുന്ന ഷെയ്ഖ് ഖലീഫ 2004 നവംബർ മൂന്നിനു ഷെയ്ഖ് സായിദിൻറെ മരണത്തെതുടർന്നാണ് യുഎഇ പ്രസിഡൻറും അബുദാബി ഭരണാധികാരിയുമായി ചുമതലയേറ്റത്.