കൊവിഡ് രോഗിബാധിതരുടെ എണ്ണം കുറഞ്ഞ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ സ്കൂളുകള്‍ തുറന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഉള്‍പ്പെടെ സ്കൂളിലെ എല്ലാ ജീവനക്കാരും കര്‍ശനമായി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.
ആഗസ്റ്റ് 15 മുതല്‍ 26 വരെ നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിക്കുന്ന സ്കൂളുകള്‍ക്ക് 10,000 മുതല്‍ രണ്ടരലക്ഷം ദിര്‍ഹം പിഴ നല്‍കുമെന്ന് അബുദാബി വിദ്യാഭ്യാസ അതോറിറ്റിഅധികൃതര് അറിയിച്ചിട്ടുണ്ട്.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, അധ്യാപകരുടെ എണ്ണം, സ്കൂള്‍ ബസുകളുടെ എണ്ണം തുടങ്ങിയവ കണക്കിലെടുത്ത് ഗ്രീന്‍ , ഓറഞ്ച് , റെഡ് തുടങ്ങിയ കളര്‍ കോഡുകള്‍ ഓരോ സ്കൂളിനും നല്‍കും. ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സ്കൂളിന് ഗ്രീന്‍ കോഡ് ലഭിക്കും. ഒരു മീറ്റര്‍ അകലം പാലിച്ച് ഇരിക്കാന്‍ സൗകര്യം ഇല്ലാത്ത, 70 ശതമാനം അദ്ധ്യാപകര്‍ നേരിട്ട് പഠിപ്പിക്കാന്‍ ഹാജരാകുന്ന, ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സ്കൂളുകള്‍ ഓറഞ്ച് പട്ടികയില്‍ ഉള്‍പ്പെടുത്തും. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് വീണ്ടും ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തേണ്ടി വരുന്ന സ്കൂളുകളെ റെഡ് പട്ടികയില്‍ ഉള്‍പ്പെടുത്തും.