കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരക്കാര്‍ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് സൗഭാഗ്യ അവസരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിലപ്പുറം അസംബന്ധമില്ലെന്ന് ഹൈബി ഈഡന് പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ ജനം പുച്ഛത്തോടെ തള്ളിക്കളയുമെന്നും ഹൈബി ഈഡന് പറഞ്ഞു.
പി.ടിയെ പോലൊരു നേതാവിന് എംഎല്‍എ അല്ലെങ്കില്‍ ജനപ്രതിനിധി എന്നതിനപ്പുറം വലിയ മാനങ്ങളുള്ള വ്യക്തിയാണ്. മുഖ്യമന്ത്രി തന്നെ പലതവണ പി ടിയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് പി ടിയുടെ മരണത്തിന് ശേഷമുള്ള ഈ തെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന് പറഞ്ഞത് അംഗീകരിക്കാനാകാത്ത പ്രസ്താവനയാണ്’. ഹൈബി ഈഡന് പ്രതികരിച്ചു.
വിഷയത്തില്‍, തൃക്കാക്കരക്കാര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് തെറ്റുപറ്റിയോ എന്ന് സംശയിക്കുന്നതായും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പറഞ്ഞു. ലഭിക്കുന്ന അവസരം തൃക്കാക്കരക്കാര്‍ കൃത്യമായി വിനിയോഗിക്കുമെന്നും ഉമാ തോമസ് വ്യക്തമാക്കി. പി.ടി അബദ്ധമല്ല, അഭിമാനമായിരുന്നു തൃക്കാക്കരക്കാര്‍ക്ക് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.