തൃക്കാക്കരയില്‍ പത്താം റൗണ്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് 20607 വോട്ടുകളുടെ ലീഡ്. ആഹ്ളാദത്തിമിര്‍പ്പിലാണ് യുഡിഎഫ്. നിസം തൊടാതെ എല്‍ഡിഎഫ്. എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള വ്യക്തമായ മറുപടിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ജനവിധി യുഡിഎഫിനൊപ്പമായപ്പോള് ഉമാ തോമസിനെ തങ്ങളുടെ പ്രതിനിധിയായി അവര്‍ നിയമസഭയിലേക്കയക്കുന്നത് കൂറ്റന്‍ ഭൂരിപക്ഷത്തോടെയാണ്.
യുഡിഎഫ് ലീഡ് സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ബെന്നി ബെഹന്നാന്റെ പേരിലാണ് തൃക്കാക്കരയിലെ റെക്കോര്‍ഡ് ഭൂരിപക്ഷമുള്ളത്. ഇത് ഉടന്‍ മറികടക്കും. 2011ല്‍ 22406 വോട്ടുകളുടെ ഭൂരിപക്ഷമാണ് ബെന്നി ബെഹന്നാന് ലഭിച്ചത്.
അതേസമയം പൊരുതിത്തോറ്റു എന്നു പോലും പറയാന്‍ പറ്റാത്ത പരാജയമാണ് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് സംഭവിച്ചത്. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ജോലി താന്‍ ഭംഗിയായി ചെയ്തുവെന്നും വിജയ പരാജയം സംബന്ധിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ജോ ജോസഫ് പ്രതികരിച്ചു. വിജയ പരാജയം സ്വാഭാവികമാണെന്നും ഇടതു സ്ഥാനാര്‍ത്ഥി പ്രതികരിച്ചു.