നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും വോട്ടെടുപ്പ് ആരംഭിച്ചു. യുപിയില്‍ രണ്ടാം ഘട്ട വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. 6 മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകും. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 55 നിയമസഭാ സീറ്റുകളിലേക്ക് 586 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സഹാറന്‍പൂര്‍, ബിജ്നോര്‍, മൊറാദാബാദ്, സംഭാല്‍, രാംപൂര്‍, അമ്രോഹ, ബദൗണ്‍, ബറേലി, ഷാജഹാന്‍പൂര്‍ എന്നീ ഒമ്പത് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്.
ജില്ലയിലെ 1138 പോളിംഗ് ബൂത്തുകളിലും സി.പി.എം.എഫിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് കണ്ട്രോള് റൂമിന് പുറമെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഡ്രോണുകള്‍ വഴി നിരീക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സേനയുടെ 794 കമ്പനികളില്‍ ഏറ്റവും വലിയ 733 കമ്പനികളെ പോളിംഗ് ബൂത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചു.
സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് പൊലീസിലെ 6,860 ഇന്‍സ്പെക്ടര്‍മാരെയും സബ് ഇന്‍സ്പെക്ടര്‍മാരെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ 54,670 കോണ്‍സ്റ്റബിള്‍മാര്‍, 43,397 ഹോംഗാര്‍ഡുകള്‍, 930 പിആര്‍ഡി ജവാന്മാര്, 18 കമ്പനി പിഎസി, 7,746 വില്ലേജ് ചൗക്കിദാര്‍മാര്‍ എന്നിവരെ രണ്ടാം ഘട്ട സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിക്കും. ക്രമസമാധാന ചുമതലകള്‍ക്കായി 50 കമ്പനികളെയും ഇവിഎം സുരക്ഷയ്ക്കായി മൂന്ന് കമ്പനികളെയും വിന്യസിക്കും.
തുടര്‍ച്ചയായി രണ്ടാം തവണ അധികാരം പിടിക്കാന്‍ ബിജെപി ശ്രമിക്കുന്ന ഉത്തരാഖണ്ഡിലെ 13 ജില്ലകളിലെ 70 സീറ്റുകളുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി തന്റെ നിലവിലെ മണ്ഡലമായ ഖത്തിമയില്‍ നിന്നാണ് മത്സരിക്കുന്നത്. സംസ്ഥാനത്തെ 81,72173 വോട്ടര്‍മാരാണ് 152 സ്വതന്ത്രര്‍ ഉള്‍പ്പെടെ 632 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുക. ഒറ്റദിവസത്തെ വോട്ടെടുപ്പിന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.