ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഗോവയിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫൈനലിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വിജയാശസകളുമായി മന്ത്രി വി ശിവൻകുട്ടി. ഇക്കുറി ബ്ലാസ്റ്റേഴ്സ് കപ്പടിക്കുമെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയുള്ള മന്ത്രിയുടെ ആശംസ. കപ്പടിക്കണം എന്ന അടിക്കുറിപ്പോടെയാണ് മന്ത്രിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഇത്തവണ കപ്പ് കേരള ബ്ലാസ്റ്റേഴ്സ് നേടുമെന്നാണ് എന്റെ വിശ്വാസം. ജെഴ്സിയുടെ നിറം മാറിയാലും, ബ്ലാസ്റ്റേഴ്സിന്റെ കളർ മഞ്ഞതന്നെ. ഇവാന്റെ ചുണക്കുട്ടികൾക്ക് എന്റെ വിജയാശംസകൾ’ എന്നാണ് മന്ത്രി ആശംസകൾ നേർന്നത്.
മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്സിനും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദ് എഫ്സിയും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30നാണ് കലാശപ്പോരാട്ടം.
അതേസമയം, കിരീട പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജെഴ്സി അണിയാനാവില്ലെന്ന കാര്യം ആരാധകർക്ക് വലിയ നിരാശയാണ്. ഫൈനലിലെ എതിരാളികളായ ഹൈദരാബാദിനായിരിക്കും മഞ്ഞ ജെഴ്സി കിട്ടുക. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജെഴ്സിയായ മഞ്ഞ ജെഴ്സി ധരിക്കാം. ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പിൽ നീലവരകളുള്ള ജെഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുക.