ലണ്ടന്‍: കൊവിഡ് വാക്സിന് ഉപയോഗം രോഗങ്ങള്‍ വളരെ കുറച്ചുവെന്ന് പഠനം. ഇംഗ്ലണ്ട്, സ്കോട്ട്ലന്റ് എന്നീ രാജ്യങ്ങളില്‍ നടത്തിയ വ്യത്യസ്ത പഠനങ്ങളുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ആദ്യ ഡോസ് നല്കിയതു മുതല്‍ രോഗികളാവുന്നവരുടെ എണ്ണത്തിലും രോഗവ്യാപനത്തിലും കുറവുണ്ടായെന്ന് പഠനങ്ങളില്‍ വ്യക്തമാക്കുന്നു.
ഫൈസര്‍- ബയോന്‍ടെക് വാക്സിന് നല്‍കിയവരിലാണ് പഠനം നടത്തിയത്. ആദ്യ ഡോസ് നല്കിയവരില് 70 ശതമാനം വൈറസ്ബാധ കുറഞ്ഞുവെന്നും രണ്ടാം ഡോസില്‍ 85 ശതമാനം കുറവുണ്ടായെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
‘വാക്സിന് ഫലപ്രദമാണെന്നും ജീവനുകള്‍ രക്ഷിക്കുന്നുവെന്നുമാണ് ഇതു വ്യക്തമാക്കുന്നത്’- ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
രോഗം ബാധിച്ചതിനു ശേഷം വാക്സിനേഷന് നല്കിയവരില് മരണസാധ്യത വളരെ കുറഞ്ഞുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. വൈറസ് കാരണം മരണപ്പെടുന്നവരുടെയും ആശുപത്രിയിലാവുന്നവരുടെയും എണ്ണത്തില്‍ 75 ശതമാനം കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.