കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തിയതായി മെഡിക്കല്‍ സംഘം. അദ്ദേഹം തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും എന്നാണ് വിവരം. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷം പൂർണമായി നീക്കിയതായും ഡോക്ടർമാർ അറിയിച്ചു.
ഇപ്പോൾ പരസഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും വാവ സുരേഷിന് സാധിക്കുന്നുണ്ട്. 2 ദിവസം കൂടി നിരീക്ഷിക്കേണ്ടതിനാലാണ് ഡിസ്ചാർജ് തിങ്കാഴ്ചത്തേയ്ക്ക് മാറ്റിയത്. ഓർമശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റ് ഇരിക്കാൻ സാധിച്ചിരുന്നു. ആറോഗ്യത്തിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ഇന്നലെ തന്നെ അദ്ദേഹത്തെ ഐസിയുവിൽ നിന്നും മുറിയിലേയ്ക്ക് മാറ്റി.
വാവ സുരേഷിന്റെ തലച്ചോറിന്റെ പ്രവർത്തനം നിലവിൽ സാധാരണ നിലയിലാണെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. സാധാരണഗതിയിൽ ശ്വാസം എടുക്കുന്നുണ്ടെന്നും അവയവങ്ങൾക്ക് കൂടുതൽ ചലനശേഷി കൈവരിച്ചതായും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.