കൊച്ചി – മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളുമായ വയലാർ രവിക്ക് ഇന്ന് എൺപത്തിനാലാം പിറന്നാൾ.ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ വയലാർ എന്ന ഗ്രാമത്തിൽ എം.കെ. കൃഷ്ണൻ്റെയും ദേവകിയമ്മയുടേയും മകനായി 1937 ജൂൺ 4 ന് ജനിച്ചു.
സിംപ്സൺ എന്ന ഓമനപ്പേരിൽ വീട്ടിൽ വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് വയലാർ സ്കൂളിൽ ചേർന്നപ്പോൾ അവിടത്തെ അദ്ധ്യാപകൻ ദാമോദരൻപിള്ളയാണ് എം.കെ. രവീന്ദ്രൻ എന്ന പേരു നിർദ്ദേശിച്ചത്. പിന്നീട് ആലപ്പുഴ എസ്.ഡി. കോളേജിൽ വിദ്യാർത്ഥി നേതാവായിരുന്നപ്പോഴാണ് വയലാർ രവി എന്ന പേരിൽ അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.
കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു.-വിലുടെയാണ് വയലാർ രവി പൊതുരംഗത്തെത്തുന്നത്. കെ.എസ്.യു എന്ന വിദ്യാർത്ഥി സംഘടനയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും നിർണ്ണായമായ പങ്ക് വഹിച്ച രവി വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു.
ആലപ്പുഴ എസ്.ഡി. കോളേജിൽ പഠിക്കുമ്പോൾ 1957 മേയ് 30-നു ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ വെച്ചാണു് കേരളാ സ്റ്റുഡന്റ്സ് യൂണിയൻ കെ.എസ്.യു എന്ന സംഘടന രൂപം കൊള്ളുന്നതു്. കെ.എസ്.യുവിന്റെ ആദ്യ പ്രസിഡണ്ട് ജോർജ്ജ് തരകനും സെക്രട്ടറി രവിയും ഖജാൻജി സമദ് എന്നയാളുമായിരുന്നു. ഇതോടൊപ്പം രവി യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദപഠനം തുടരുവാനെത്തിയ രവിയുടെ പ്രവർത്തനമേഖല അതോടെ എറണാകുളം ജില്ലയായി. അക്കാലത്തെ പ്രമുഖ കോൺഗ്രസ്സ് നേതാവായിരുന്ന വി.കെ. കൃഷ്ണമേനോനായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു.
കെ.എസ്.യുവിന്റെ നാലാം സമ്മേളനത്തിൽ വെച്ച് രവി സംസ്ഥാന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. വയലാർ രവി ആദ്യമായി മത്സരിച്ചത് 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് അദ്ദേഹം കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. 1972-ൽ എ.ഐ.സി.സി. പ്രവർത്തകസമിതി അംഗമായി.
അടിയന്തരാവസ്ഥയ്ക്ക് ശേഷം1977-ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രവി വീണ്ടും ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി.1982-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിയമസഭാംഗമായി. 1982-1987-ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1987-ൽ വീണ്ടും ചേർത്തലയിൽ നിന്നു തന്നെ നിയമസഭയിൽ അംഗമായി.1991 മുതൽ 1998 വരെ കെ.പി.സി.സി. പ്രസിഡൻറായും 1994 മുതൽ 2000 വരെ രാജ്യസഭഅംഗമായും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായും വയലാർ രവി പ്രവർത്തിച്ചു.
2006 മുതൽ 2014 വരെ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രിയായിരുന്ന വയലാർ രവി. പ്രവാസികൾക്ക് ഇൻഷുറൻസും കോണ്ട്രിബ്യൂട്ടറി പെൻഷനും തുടങ്ങിവെച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. വിവിധരാജ്യങ്ങളുമായി തൊഴിൽ കരാറുകൾ ഒപ്പുവെച്ചതും ലിബിയൻ കലാപസമയത്ത് അടിയന്തരമായി അവിടത്തെ പ്രവാസി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.
മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലത്തു് കണ്ടുമുട്ടിയ മേഴ്സി രവി എന്ന യുവതി പിന്നീട് അദ്ദേഹത്തിന്റെ പ്രണയിനിയും ജീവിതസഖിയുമായി.1964 ജൂൺ 9-നു ആയിരുന്നു ഇവരുടെ വിവാഹം. കെ.എസ്.യുവിൽ ഉണ്ടായിരുന്ന കാലം മുതൽക്കെ ഉണ്ടായിരുന്ന പ്രണയമാണ് വിവാഹത്തിലെത്തിയത്. കിഡ്നി തകരാർ മൂലം മേഴ്സി രവി 2009 സെപ്തംബർ 5-ന് അന്തരിച്ചു.മൂന്നു മക്കൾ. മകൻ രവികൃഷ്ണ ചെന്നൈയിലും മകൾ ലിസ റോഹൻ ദുബായിലും ഇളയ മകൾ ഡോ. ലക്ഷ്മി രവി കൊച്ചിയിലും വസിക്കുന്നു.
കേരള വിദ്യാർത്ഥി യൂണിയനിലൂടെ ഒരു കാലത്ത് കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനു ജീവവായുമായി മാറിയ, നാടിന്റെ രാഷ്ട്രീയ ഗതിവിഗതികൾക്കൊപ്പം സഞ്ചരിച്ച വയലാർ രവി എറണാകുളത്ത് വിശ്രമജീവിതം നയിക്കുകയാണ്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനു വീക്ഷണം കുടുംബത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു…