യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ തേടിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും.
അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ജാമ്യഹർജി ഇന്നത്തേക്ക് മാറ്റിയത്. ഇര തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയതെന്ന് ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. തന്റെ പേരിൽ ബലാത്സംഗ ആരോപണവും ഉന്നയിച്ചു. ഈ ആരോപണം ചെറുക്കാനുള്ള ശ്രമം മാത്രമാണ് തന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരയുടെ പേര് വെളിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.
കഴിഞ്ഞ മാർച്ചിൽ വിജയ് ബാബു തന്നെ രണ്ട് തവണ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ഇതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് വിലക്കിയതിനെ തുടർന്നാണ് നാട്ടിൽ മടങ്ങിയെത്തിയത്. 2 കേസിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. അറസ്റ്റ് തടഞ്ഞതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.