
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേനല്‍ അവധിക്ക് ശേഷം ഹൈകോടതി പരിഗണിക്കും

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.
ജാമ്യാപേക്ഷ വേനല്‍ അവധിക്ക് ശേഷം പരിഗണിക്കാമെന്ന് ഹൈകോടതി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയില്‍ സമര്‍പ്പിച്ചത്.
പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിങ് ലക്ഷ്യമിട്ടാണ് പരാതി നല്‍കിയതെന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. താന്‍ ഏതെങ്കിലും തരത്തില്‍ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ കോടതിയെയും അന്വേഷണസംഘത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളില്‍ കുടുക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍, വീഡിയോകള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ട്. അന്വേഷണവുമായി സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയില്‍ വിടേണ്ട ആവശ്യമില്ലെന്നും ജാമ്യാപേക്ഷയില്‍ വിജയ് ബാബു പറയുന്നു.