മകളുടെ ചിത്രം എടുക്കുന്നതിനെയും പ്രസിദ്ധീകരിക്കുന്നതിനെയും എതിര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് വിരാട് കോലി വീണ്ടും രംഗത്ത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗാലറിയില്‍ നില്ക്കുന്ന കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയുടെയും മകള്‍ വാമികയുെടയും ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മകളുടെ ചിത്രം പകര്ത്തുന്നതിനെതിരെ മുന്‍പ് കൈക്കൊണ്ട നിലപാട് ആവര്‍ത്തിച്ച് കോലി രംഗത്തെത്തിയത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിനിടെ വിരാട് കോലി അര്‍ധസെഞ്ചുറി തികച്ചപ്പോഴാണ് അനുഷ്കയുടെയും വാമികയുടെയും ചിത്രം ക്യാമറയില്‍ പതിഞ്ഞത്. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ കോലി ‘തൊട്ടില് സെലബ്രേഷ’നിലൂടെ നേട്ടം കുഞ്ഞിന് സമര്‍പ്പിച്ചിരുന്നു. ഗാലറിയിലേക്ക് നോക്കിയായിരുന്നു ആഘോഷം. ഇതിനു പിന്നാലെയാണ് ഗാലറിയില്‍ നില്ക്കുന്ന അനുഷ്കയിലേക്കും വാമികയിലേക്കും ക്യാമറക്കണ്ണുകള്‍ നീണ്ടത്. തുടര്‍ന്ന് കോലിയുടെ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
എന്നാല്‍, തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് കോലി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കുഞ്ഞിന്റെ ചിത്രം എടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന പഴയ നിലപാടു തന്നെയാണ് ഇപ്പോഴുമുള്ളതെന്നും കോലി അറിയിച്ചു.
The post മകളുടെ ചിത്രം പ്രസിദ്ധീകരിക്കരുത് ; വിരാട് കോലി, അനുഷ്ക രംഗത്ത്