വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചുമത്തിയിരിക്കുന്ന വിവിധ വകുപ്പുകൾ അനുസരിച്ചു ഭർത്താവ് കിരൺ കുമാറിന് പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്.
കഴിഞ്ഞ ജൂൺ 21നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ്മയയുടെ അച്ഛനും സഹോദരനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ നടപടികളിലും അതേ വേഗത നിലനിര്‍ത്തുകയും ചെയ്തതിനു ഒടുവിലാണ് കേസില്‍ വിധി വരുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ.