മലയാളി വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെ ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും മെഹ്നാസിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല.
മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റിഫയുടെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. ശ്വാസം മുട്ടിച്ചാണോ അതോ വിഷപദാര്‍ത്ഥങ്ങള്‍ ഉളളില്‍ ചെന്നാണോ മരണം സംഭവിച്ചത് എന്നറിയാനുളള പരിശോധനയാണ് പുരോഗമിക്കുന്നത്. തലയോട്ടിക്കുള്‍പ്പടെ ക്ഷതം സംഭവിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. .
പോസ്റ്റ്മോര്‍ട്ടത്തില്‍ റിഫയുടെ കഴുത്തില്‍ ആഴത്തിലുള്ള അടയാളം കണ്ടത് കൊലപാതക സാധ്യതയായിട്ടാണ് അന്വേഷണ സംഘം കരുതുന്നത്. പോസ്റ്റ്മോര്‍ട്ട റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് അന്വേഷണം വേഗത്തിലാക്കാനാണ്നീക്കം. മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.