തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്നും കേരളത്തിലെ കോണ്‍ഗ്രസില്‍ പല കാര്യങ്ങളിലും തിരുത്തല്‍ വരേണ്ടതായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്.
ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം മോന്സണ് വിഷയം രാഷ്ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും സുധീരന് പറഞ്ഞു. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകില്ല. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രകടമാകുന്നത്.
മുന്‍ ഡിജിപിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോന്സണ് മാവുങ്കലിന്റെ വീട്ടില്‍ കയറിയിറങ്ങി. ഇന്റലിജന്‍സ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും വി. എം സുധീരന് ചോദിച്ചു. കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരന് കുറ്റപ്പെടുത്തി.