കഴിഞ്ഞ കാലങ്ങളിലെല്ലാം വിപി സജീന്ദ്രൻ എംഎൽഎയെ പരോക്ഷമായി സഹായിക്കുന്ന നിലപാടാണ് ട്വൻടി 20 എടുത്തിരുന്നത്. എന്നാൽ സമീപകാലത്ത് കോൺഗ്രസ്സിൽ ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളും എംഎൽഎയോടുള്ള എതിർപ്പും കാരണം ട്വൻടി 20 എംഎൽഎയുമായി അകലത്തിലാണ്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ചെയ്തപോലെ തന്നെ കോൺഗ്രസ്സിന്റെ വോട്ടു കുറച്ച് ട്വൻടി 20 യെ സഹായിക്കുന്നതിലൂടെ അവരുമായുള്ള അകൽച്ച മാറ്റിയെടുക്കാനാണ് എംഎൽഎയുടെ ശ്രമം. ഇതിലൂടെ ട്വൻടി 20 യുടെ നിയമസഭയിലെ വോട്ട് നേടി വീണ്ടും എംഎൽഎ ആകുക എന്നതാണ് സജീന്ദ്രൻ്റെ ലക്ഷ്യം.
കുന്നത്തുനാട്ടിൽ ഇക്കഴിഞ്ഞ ചൊവാഴ്ച നടക്കേണ്ടിയിരുന്ന കോൺഗ്രസ്സ് വാർഡ്തല യോഗങ്ങളിൽ ചാണ്ടിഉമ്മൻ വരാമെന്ന് ഏറ്റിരുന്നെങ്കിലും വി പി സജീന്ദ്രൻ എംഎൽഎയുടെ ഇടപെടൽ കാരണം അദ്ദേഹത്തിന് യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. ഉമ്മൻ ചാണ്ടിയിലും ചാണ്ടി ഉമ്മനിലും സജീന്ദ്രൻ എംഎൽഎ സമ്മർദ്ദം ചെലുത്തിയതായാണ് വിവരം. ഇത് സംബന്ധിച്ച് ചാണ്ടി ഉമ്മനും കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ റാഫി മുഹമ്മദും നടത്തിയ ഫോൺ സംഭാഷണം പുറത്തായി.
നാല് പഞ്ചായത്തുകളിൽ കോൺഗ്രസ്സിനെ ദുർബലപ്പെടുത്തി ട്വൻടി 20 യെ വിജയിപ്പിക്കാനാണ് സജീന്ദ്രൻ ശ്രമിക്കുന്നത്. ഇതിനുമുൻപും കുന്നത്തുനാട്ടിൽ ഇത്തരം ഒത്തുകളികൾ നടന്നിട്ടുണ്ട്. അതിനെതിരെ കോൺഗ്രസ്സിൽ തന്നെ പല രീതിയിലുള്ള എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പണത്തിനും, ട്വൻടി 20യുടെ നിയമസഭാ വോട്ടിനും മീതേ ഒരു പരുന്തും പറക്കില്ലയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് വി പി സജീന്ദ്രൻ എംഎൽഎ. സ്വാർത്ഥ താല്പര്യങ്ങൾ മാത്രം ലക്ഷ്യം വെച്ച് വി പി സജീന്ദ്രൻ ഇത്തരത്തിൽ മുന്നേറുമ്പോൾ ഐക്കരനാട്ടിലെയും മഴുവന്നൂരിലെയും കുന്നത്തുനാട്ടിലെയും കിഴക്കമ്പലത്തിലേയും യു ഡി എഫ് സ്ഥാനാർത്ഥികൾ വെറും നോക്കുകുത്തികൾ ആവുകയാണ്.