വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കിനാണ് ഇതോടെ പരിഹാരമാവുന്നത്. 11 മണിയോടെ കുണ്ടന്നൂര്‍ മേല്‍പ്പാലവും തുറന്ന് നല്‍കും. മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാകുന്നത് നാടിന് അഭിമാനമാണെന്നും ജനങ്ങളുടെ നികുതി പണമുപയോഗിച്ച് നിർമ്മിക്കുന്ന മേൽപ്പാലങ്ങൾ സർക്കാരിന്റെ പ്രതിനിധിയെന്ന നിലയിൽ ഉദ്ഘാടനം ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പാലങ്ങളുടെ അവസാനവട്ട മിനുക്കുപണികളെല്ലാം വിലയിരുത്തിയിരുന്നു. ധനകാര്യവകുപ്പ് മന്ത്രി ടി.എം. തോമസ് ഐസക്ക് ചടങ്ങിലെ മുഖ്യാതിതിഥിയായിരുന്നു.
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതു പരിഗണിച്ചാണ് എന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു. വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. അനുവദിച്ച തുകയേക്കാള്‍ കുറഞ്ഞ ചിലവില്‍ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രയത്നമാണ്. അദ്ദേഹമാണ് തന്നേക്കാള്‍ കൂടുതല്‍ ഇതില്‍ പ്രയത്നിച്ചത് – സുധാകരന് പറഞ്ഞു.