സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോയുടെ മടങ്ങിവരവ് മാഞ്ചസ്റ്റർ യുണൈറ്റഡിനു ഗുണം ചെയ്തില്ലെന്ന് ക്രിസ്റ്റ്യാനോയുടെ മുൻ സഹതാരവും ഇംഗ്ലീഷ് ക്ലബ് ഡെർബി കൗണ്ടിയുടെ പരിശീലകനുമായ വെയിൻ റൂണി. ചാമ്പ്യൻസ് ലീഗിലടക്കം താരം ഗോളുകൾ നേടിയെങ്കിലും യുവതാരങ്ങളെയാണ് മാഞ്ചസ്റ്റർ ടീമിലെത്തിക്കേണ്ടിയിരുന്നതെന്ന് റൂണി പറഞ്ഞു. സ്കൈ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് റൂണി തൻ്റെ നിലപാട് വ്യക്തമാക്കിയത്.
“തീർച്ചയായും ക്രിസ്റ്റ്യാനോ ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലടക്കം അദ്ദേഹം ഗോൾ നേടി. ടോട്ടനത്തിനെതിരെ ഹാട്രിക്കും അടിച്ചു. എന്നാൽ, ക്ലബിൻ്റെ ഭാവി പരിഗണിക്കുകയാണെങ്കിൽ യുവതാരങ്ങളെയാണ് ടീമിലെത്തിക്കേണ്ടിയിരുന്നത്. ഇരുപതുകളിൽ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ അല്ല ഇപ്പോൾ. അദ്ദേഹത്തിന് ഇപ്പോഴും ഗോൾ ദാഹമുണ്ട്. പക്ഷേ, യുവതാരങ്ങളായിരുന്നു വേണ്ടിയിരുന്നത്.”- റൂണി പറഞ്ഞു.
കഴിഞ്ഞ സീസണിലാണ് ഇറ്റാലിയൻ ക്ലബ് യുവൻ്റസിൽ നിന്ന് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയത്. രണ്ടാം വരവിൽ മാഞ്ചസ്റ്ററിനായി 24 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളാണ് നേടിയിട്ടുള്ളത്. 2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.