ഭരണഘടനാ സ്ഥാപനമായ വനിതാ കമ്മീഷൻ കഴിഞ്ഞ നാലര വർഷമായി സ്വജനപക്ഷപാതവും ഏകപക്ഷീയമായ പ്രവർത്തനങ്ങളുമാണ് നടത്തുന്നതെന്ന് കെ.പി.സി.സി ജന.സെക്രട്ടറി ദീപ്തി മേരി വർഗീസ്. നിരന്തരം നടക്കുന്ന സ്ത്രീ പീഡനങ്ങളിൽ ഏകപക്ഷീയമായാണ് വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത്. സ്വന്തം പാർട്ടി നേതാക്കളുടെ സ്ത്രീ വിരുദ്ധ പരാമർശങ്ങളിലും സ്ത്രീ പീഡന കേസുകളിലും കമ്മീഷന് മിണ്ടാട്ടമില്ലന്ന് ദീപ്തി എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇത്തരമൊരു വനിതാ കമ്മീഷനെ കേരളത്തിലെ സ്ത്രീകൾക്ക് ആവശ്യമില്ലെന്ന് ദീപ്തി പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇടതുമുന്നണി നേതാക്കൾ ഖേദം പ്രകടിപ്പിക്കാൻ പോലും തയാറായിട്ടില്ല. വാളയാർ, പാലത്തായി പീഡന കേസുകളിലും വനിതാ കമ്മിഷൻ മിണ്ടിയിട്ടില്ല. ഇടതു മുന്നണി നേതാക്കളുടെയും ഇടത് എം എൽ എ മാരുടെയും സ്ത്രീ വിരുദ്ധതക്ക് മന്ത്രി ശൈലജ , പി.കെ.ശ്രീമതി, ജോസഫൈൻ തുടങ്ങിയവർ കുട പിടിയ്ക്കുകയാണ്.
സ്ത്രികൾക്ക് നീതി നൽകാൻ കഴിയാത്ത കമ്മീഷൻ അധ്യക്ഷ രാജി വച്ചൊഴിയണം. ഇടുക്കിയിൽ പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ ബേൺ ഐ സി യു വിൽ പ്രവേശിപ്പിക്കാൻ പോലും തയ്യാറായില്ലെന്ന് ദീപ്തി ആരോപിച്ചു. ഹത്രാസും കേരളവും തമ്മിലുള്ള ദൂരം കുറയുകയാണ്. യു പിയിൽ സ്ത്രീ പീഡന കേസിൽ പ്രതികളായവർക്ക് ബി ജെ പി നൽകുന്ന സംരക്ഷണം കേരളത്തിൽ സി പി എമ്മും നൽകുകയാണ്.
പൊതുപ്രവർത്തകരെന്നല്ല ഒരാളും സ്ത്രീ വിരുദ്ധത പറയാൻ പാടില്ല.സി പി എമ്മിൻ്റെ ഏകാധിപത്യ ഭരണമാണ് വനിതാ കമ്മീഷനിലും നടക്കുന്നതെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു.