മൂന്നാഴ്ചത്തേക്കാണ് വിലക്ക്. നിയമവിരുദ്ധമായ നടപടികളാണ് ഇന്‍ഡിഗോ ചെയ്തത്. ഇസഡ് കാറ്റഗറിയുള്ള ഒരു വിഐപി യാത്ര ചെയ്ത വിമാനത്തിലാണ് ക്രിമിനല്‍ ഉള്‍പ്പെട്ട സംഘം കയറിയത്. അവര്‍ക്ക് ടിക്കറ്റ് കൊടുത്തത് തന്നെ ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയെ അവര്‍ ആക്രമിച്ചിരുന്നെങ്കില്‍ എന്താകുംകാര്യങ്ങള്‍? അതൊന്നും സംഭവിക്കാതിരിക്കാനാണ് ഞാന്‍ പ്രതികരിച്ചത്.അക്കാര്യം വസ്തുതാപരമായി അന്വേഷിക്കുന്നത് പകരം തെറ്റായ നടപടിയാണ് ഇന്‍ഡിഗോ സ്വീകരിച്ചിരിക്കുന്നത്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാനറിഞ്ഞില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണ്. മാന്യന്മാരായി വേറെ പല വിമാനക്കമ്പനികളുമുണ്ടല്ലോ. അതാണ് എന്റെ തീരുമാനം. ഇന്നെടുത്ത ടിക്കറ്റ് തന്നെ ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.
വിമാനത്തിലെ കയ്യാങ്കളിയില്‍ ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക് ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആര് എസ് ബസ്വാന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന് പറഞ്ഞു.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സീന് മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.